വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി പ്രളയം. നിര്‍മാണത്തിന്റെ ഭാഗമായുള്ള ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തു വിടണമെന്ന് സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇത് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയുമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല പറഞ്ഞു. അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ഡിപിആര്‍ ലഭ്യമാക്കാനായി കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് അറിയിച്ചു. മീത്തലെ മുക്കാളി, ചോറോട് ഭാഗത്ത് മണ്ണിടിച്ചില്‍ ഒഴിവാക്കാനും പുഞ്ചിരിമില്‍ ഭാഗത്ത് ദേശീയപാത നിര്‍മാണ കമ്പനിക്കാരുടെ താമസ സ്ഥലത്ത് നിന്നു മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കാനും നടപടി വേണമെന്ന് സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പലരും പ്രതിഷേധിച്ചു. ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ വേണമെന്ന് സമിതി അംഗം പി.പി.രാജന് ആവശ്യപ്പെട്ടു. പ്രശ്നം ഡിഎംഒയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.