കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിര്‍മാണം സമ്മാനിച്ച യാത്രാക്ലേശത്തിനെതിരെ പ്രത്യക്ഷ സമരം സംഘടിപ്പിക്കാന്‍ ഗതാഗത സംരക്ഷണ സമിതി. ബൈപാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണമായും തടസപ്പെടുന്ന സാഹചര്യത്തിലാണ് സമരമെന്ന് സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പന്തലായിനി-വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവക്ക് കുറുകേയാണ് ബൈപാസ് കടന്നുപോകുന്നത് ഏകദേശം ഏഴര മീറ്റര്‍ ഉയരത്തിലാണ് റോഡ്. ഇതുകാരണം ബൈപാസിന്റെ ഇരുഭാഗത്തുകാര്ക്കും കൊയിലാണ്ടി ടൗണ്‍, പന്തലായിനി അഘോര ശിവക്ഷേത്രം, പന്തലായിനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, ബിഇഎം യുപി സ്കൂള്‍, ആര്.ശങ്കര്‍ മെമ്മോറിയല്‍ കോളജ്, ഗുരുദേവ മെമ്മോറിയല്‍ കോളജ്, മിനി സിവില്‍ സ്റ്റേഷന്, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലേക്കും പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് പെരുവട്ടൂര്‍ യു.പി.സ്കൂള്‍, അമൃത വിദ്യാലയം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കും പോകാന്‍ കഴിയാതെ ജനജീവിതം സ്തംഭിക്കുന്ന സ്ഥിതിയാണ്.
അയ്യായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജനകീയ കമ്മിറ്റിയായ ഗതാഗത സംരക്ഷണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കലക്ടറും അസി.കലക്ടറും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടണ്ട്. എന്നാല്‍ ബൈപാസിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് പടിഞ്ഞാറ് എത്താന്‍ കാട്ടുവയല്‍ റോഡില്‍ ഒരു ബോക്സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്ന സംരക്ഷണ സമിതിയുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ തടസവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെന്ന് സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. തുടക്കമെന്ന നിലയില്‍ നാളെ (ഞായര്‍) വൈകുന്നേരം 4 മണിക്ക് പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്ത് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യു.കെ.ചന്ദ്രന്, പി.ചന്ദ്രശേഖരന്, മണിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.