നാദാപുരം: ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നാദാപുരത്ത് എത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്പ് നല്കി. രാജ്യത്ത് ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഡി.കെ.ശിവകുമാറിനോട് ഇന്നാട്ടുകാര്ക്കുള്ള സ്നേഹം വ്യക്തമാക്കുന്നതായി സ്വീകരണവും റോഡ്ഷോയും. അലകടലായെത്തിയ ജനസാഗരത്താല്‍ നാദാപുരം വീര്പുമുട്ടി.
നാലു മണിയോടെ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള ജനാവലി കസ്തുരികുളം മുതല്‍ നാദാപുരം ടൗണ്‍ വരെ റോഡിനിരുവശവും തമ്പടിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും യുഡിഎഫിന്റെ മറ്റു നേതാക്കളും സ്ഥാനാര്‍ഥി ഷാഫി പറമ്പിലും എത്തിയതോടെ റോഡ് ഷോക്ക് തുടക്കമായി. അല്പം കഴിഞ്ഞ് ഡി.കെ.ശിവകുമാര്‍ എത്തിയതോടെ ആവേശം പതിന്മടങ്ങായി. തുടര്‍ന്ന് ഡി.കെ.യും റോഡ് ഷോയില്‍ ഷാഫിയോടപ്പം കൂടി. ബാന്റ് മേളം, മൂത്തുക്കുടകള്, വര്‍ണങ്ങള്‍, വെടിക്കെട്ടുകള്‍ എന്നിവയോടൊപ്പം ശിങ്കാരിമേളത്തിന്റെ അകമ്പടി കൂടിയായപ്പോള്‍ ഉത്സവപ്രതീതിയായി. ഇരുവരെയും പൊതുയോഗ സ്ഥലത്തേക്ക് ആനയിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.കെ.ശിവകുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെപിസിസി സെക്രട്ടറിമാരായ വി.എം.ചന്ദ്രന്, ഐ. മൂസ, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മുസ്ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി.കെ.സുബൈര്‍, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, കേരള കോണ്‍ഗ്രസ് നേതാവ് പി.എം.ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ്, അഡ്വ രഘുനാഥ്, കെ.ടി ജയിംസ്, ആവേലം രാധാകൃഷ്ണന്, ബ്ലോക്ക് നിയോജക മണ്ഡലം യുഡിഎഫ് നേതാക്കള്‍, മഹിള കോണ്‍ഗ്രസ് വനിത ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
–ആനന്ദന് എലിയാറ