നാദാപുപരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം നടക്കുന്ന ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട്
നാദാപുപരം ഡിവൈഎസ്പിയുടെ ഓഫീസില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം നാലിനു വൈകുന്നേരം ആറു മണിക്ക് മുമ്പ് അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇത് ഉള്‍പെടെ വിവിധ തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.
ദേശീയ തലത്തില്‍ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദപ്രകടനം അഞ്ചാം തിയ്യതി നടത്തുന്നതിനും അത് അന്ന് വൈകുന്നേരം ആറു മണിക്കു
മുമ്പേ അവസാനിപ്പിക്കാനും തീരുമാനിച്ചു. എല്ലാ ആഹ്ലാദ പ്രകടനങ്ങളിലും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണം. ആഹ്ലാദ പ്രകടനങ്ങളില്‍ ഉച്ചഭാഷിണി പോലീസിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
പ്രകടനങ്ങളില്‍ ഡിജെ മ്യൂസിക്, തുറന്ന വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പ്രകടനങ്ങള്‍ നടത്തുന്ന സമയം, സ്ഥലം, പ്രകടനത്തില്‍ സാന്നിധ്യമുള്ള നേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. പ്രകോപനപരമായതോ വ്യക്തികളെ അധിക്ഷേപിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ പോലീസ് കര്‍ശന നിയമ നടപടി സ്വീകരിക്കേണ്ടതാണെന്ന് തീരുമാനിച്ചു. ആഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പാര്‍ട്ടി ഓഫീസുകള്‍, വീടുകള്‍, മറ്റു വ്യക്തികള്‍ എന്നിവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിക്കരുതെന്നും തീരുമാനിച്ചു.