നാദാപുരം: ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചതിനെതിരെ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. കല്ലാച്ചി ടൗണിനടുത്തുളള ഐശ്വര്യ ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞദിവസം മാലിന്യം കത്തിച്ചത്. ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. 35 ഓളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പരിസരം വൃത്തിഹീനമാണ്. മാലിന്യം അലക്ഷ്യമായി പരിസരങ്ങളില്‍ തള്ളിയതായി പരിശോധനയില്‍ കണ്ടെത്തി . മാലിന്യം അശ്രദ്ധയോടെയും അപകടകരമായും കൈകാര്യം ചെയ്തതിന് കെട്ടിട ഉടമകള്‍ക്ക് 10000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ 3 ദിവസത്തിനകം പരിസരം മുഴുവന്‍ ശുചീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ താമസക്കാരെയും പഞ്ചായത്ത് നേരിട്ട് ഒഴിപ്പിച്ച് കെട്ടിടം സീല്‍ ചെയ്യുമെന്നും കാണിച്ചു മറ്റൊരു നോട്ടീസും നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സതീഷ് ബാബു, കെ സജീവന് എന്നിവര്‍ പങ്കെടുത്തു.
മതിയായ മാലിന്യ സംസ്കരണ സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കെട്ടിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ താമസിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.ഷാമില മുന്നറിയിപ്പു നല്കി.