പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് വാളൂരിലെ കുറുക്കുടി അനുവിന്റെ ദുരൂഹ മരണം സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്ന് സിപിഎം നൊച്ചാട് സൗത്ത്-നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാണാതായ അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
26 വയസുള്ള വിവാഹിതയായ അനുവിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതാവുന്നത്. കാലത്ത് വാളൂരിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി അനു തനിച്ചു വീട്ടില്‍ നിന്നിറങ്ങുകയും പത്ത് മണിക്ക് ശേഷം അനുവിനെ ഫോണില്‍ കിട്ടാതെ വരികയുമായിരുന്നു.
ഭര്‍ത്താവ് ഇരിങ്ങണ്ണുരില് നിന്ന് ബന്ധുക്കളോടൊപ്പം ആശുപത്രിയിലേക്കു പോകുമ്പോള്‍ വാളൂരിലെ വീട്ടില്‍ ഉണ്ടായിരുന്ന അനു മുളിയങ്ങല്‍ വെച്ച് ഭര്‍ത്താവിന്റെ വാഹനത്തില്‍ കയറാമെന്നായിരുന്നു പറഞ്ഞിരുന്നത്. യാത്രാ മധ്യേ 9.30 മണി വരെ അനുവുമായി ഭര്‍ത്താവും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തുടര്‍ന്ന് അനുവിനെ ഫോണില്‍ ലഭിക്കാതെയാവുകയായിരുന്നു. ഇത്് സംശയത്തിന് ഇടയാക്കിയതോടെ ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതിപ്പെടുകയുണ്ടായി. തെരച്ചില്‍ നടത്തുന്നതിനിടയിലാണ് പിറ്റേന്ന് ഉച്ചക്ക് 12 മണിയോടെ മുളിയങ്ങള്‍ വാളൂരിലെ വയലിലെ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ അനുവിന്റെ മൃതശരീരം കാണപ്പെടുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി മരണത്തിലെ സംശയം നീക്കണമെന്നും സിപിഎം നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രനും നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.എം.മനോജും ആവശ്യപ്പെട്ടു.