കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി.സത്യനാഥന് (64) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സത്യനാഥന്റെ അയല്‍വാസിയായ പുറത്തോല് അഭിലാഷിനെയാണ് കൊയിലാണ്ടി സിഐ മെല്വിന് ജോസഫിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10 മണിക്ക് ശേഷം പെരുവെട്ടൂര്‍ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം. കഴുത്തിന് ഇരുഭാഗത്തും കൈക്കും വെട്ടേറ്റു. സര്‍ജിക്കല്‍ ബ്ലയ്ഡ് ആണ് കൊലയ്ക്ക് ഉപയോഗിച്ചത്. സത്യനാഥനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത അഭിലാഷിനെ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ശാന്തയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. മെഡിക്കല്‍ ഫീല്‍ഡിലെ വണ്ടിയില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട സത്യനാഥന്റെ ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ്, സെലീന. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
-സുധീര്‍ കൊരയങ്ങാട്