കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥന് ക്ഷേത്ര മുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് പെരുവട്ടൂരും കൊയിലാണ്ടിയും. ആളുകള്‍ ഒത്തുകൂടുന്ന ക്ഷേത്രോത്സവത്തിനിടയില്‍ ഹീനമായ കൃത്യം നടന്നതിന്റെ ഞെട്ടല്‍ ഇനിയും മാറിയില്ല.
ചെറിയപ്പുറം ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായ ഗാനമേള നടക്കുന്നതിനിടയിലാണ് ക്ഷേത്ര മുറ്റത്ത് കൊലപാതകം നടന്നത്. ക്ഷേത്രത്തിനു കുറച്ച് മാറിയാണ് ഗാനമേള നടന്നിരുന്നത്. അത് കൊണ്ട് ക്ഷേത്ര മുറ്റത്ത് ആളുകള്‍ കുറവായിരുന്നു. ക്ഷേത്ര മുറ്റത്ത് നില്‍ക്കുകയായിരുന്ന സത്യനാഥിനെ പിറകിലൂടെ വന്നാണ് പ്രതി ആക്രമിച്ചത്. സര്‍ജിക്കല്‍ ഉപകരണമാണ് കുത്താനുപയോഗിച്ചതെന്നാണ് പറയുന്നത്. സത്യനാഥന് കുഴഞ്ഞു വീഴുന്നതാണ് ഏതാനും ആളുകള്‍ കാണുന്നത്. ഉടന്‍ തന്നെ ഇവര്‍ ഓടിയെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്തും ഇരുഭാഗങ്ങളിലും കുത്തേറ്റിട്ടുണ്ട്. തങ്ങളുടെ കണ്മുന്നില് കൊലപാതകം അരങ്ങേറിയതിന്റെ നടുക്കത്തിലാണിപ്പോഴും നാട്ടുകാര്‍.
ഇന്ന് വൈകീട്ട് അറുവയല്‍ പ്രദേശത്തു നിന്ന് ആരംഭിക്കുന്ന ആഘോഷ വരവിന്റെ മുഖ്യ സംഘാടകന്‍ സത്യനായിരുന്നു. നാട്ടിലെ വിവിധ പ്രശ്നങ്ങളിലും ഇടപ്പെടല്‍ നടത്തുന്നതിലും സത്യന് മുന്നിലായിരുന്നു.
ക്ഷേത്രോത്സവം നിര്‍ത്തിവെച്ചു
കൊയിലാണ്ടി: ചെറിയപ്പുറം ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായ എല്ലാ ചടങ്ങുകളും മാറ്റി. കൊലപാതകം നടന്ന ക്ഷേത്ര മുറ്റവും സ്ഥലവും പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇവിടെ ഉല്‍സവം കൊടിയേറിയത്. ഇന്ന് ഉല്‍സവത്തിന്റെ അവസാന ദിവസമായിരുന്നു. പോലിസ് നടപടികള്‍ക്ക് ശേഷം ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷമേ ക്ഷേത്ര ചടങ്ങുകള്‍ പുനഃരാരംഭിക്കുകയുള്ളൂ.
-സുധീര്‍ കൊരയങ്ങാട്