വടകര: മണിയൂർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുൻഭാഗ ചുമരുകളിൽ കേരളീയ പാരമ്പര്യ ശൈലിയിലുള്ള ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. ക്ഷേത്ര നാലമ്പലത്തിന്റെ മുൻഭാഗ ചുമരുകളിൽ ആണ് ഏകദേശം 20 മീറ്റർ നീളത്തിലും ഏഴടി ഉയരത്തിലും ഉള്ള ചുമർചിത്രങ്ങൾ തയ്യാറാക്കുന്നത്. ഈ വരുന്ന ഏപ്രിൽ ഏഴിന് ഞായറാഴ്ച കാലത്ത് 10 മണിക്ക് തന്ത്രി ബ്രഹ്മശ്രീ കാമ്പർത് പരമേശ്വരം നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രശസ്ത
കലാനിരൂപകനായ കെ കെ മാരാർ ചുമർ ചിത്രങ്ങളുടെ ഉന്മീലനവും സമർപ്പണവും നിർവഹിക്കുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചുമർചിത്രകാരനായ നവീൺകുമാറാണ് ഈ
ചിത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ കൂടെ സജു മഞ്ചേരി, കുഞ്ഞൻ മണാശേരി, ഹരി ബേപ്പൂർ, വിപിൻ ലാൽ, മഹേഷ് ഒ ടി കെ, ദീപിക എന്നീ കലാ കൃത്തുക്കളും ഒന്നര മാസത്തോളം നീണ്ട ചുമർചിത്ര രചനാസപര്യക്കാണ് ഏപ്രിൽ ഏഴിന്
മിഴി തുറക്കുന്നത്. ഭാഗവതത്തിലെ ശ്രീകൃഷ്ണ ലീലകളാണ് മുഖ്യ രചന വിഷയം. കൂടാതെ ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഭഗവതി, ദ്വാരപാലകന്മാർ തുടങ്ങി 25 ഓളം ചിത്രങ്ങൾ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് മുഴുവൻ ചുമർ ചിത്രങ്ങൾ ആയി നിറഞ്ഞു നിൽക്കുന്നു. ചിത്രങ്ങൾ പൂർത്തിയാകുന്നതോടുകൂടി മലബാറിലെ പ്രധാന ചിത്ര സങ്കേതമായി കലാ ആസ്വാദകർക്ക് കോഴിക്കോട് ജില്ലയിലെ മണിയൂർ മഠം ശ്രീകൃഷ്ണ ക്ഷേത്രം പ്രധാന സന്ദർശന കേന്ദ്രമായി മാറുന്നു.