വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വനിതാ വളണ്ടിയര്‍മാര്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യം ദിവസങ്ങളോളം വഴിയരികില്‍ തന്നെ. പ്ലാസ്റ്റിക് മാലിന്യം ഉള്‍പെടെയുള്ളവ തെരുവു നായകള്‍ കടിച്ചുകീറുന്ന സ്ഥിതി.
മുനിസിപ്പല്‍ 47-ാം വാര്‍ഡിലെ കസ്റ്റംസ്റോഡ് എട്ടാം സ്ട്രീറ്റിലെ റോഡില്‍ ദിവസങ്ങളായി മാലിന്യക്കെട്ടുകള്‍ കിടക്കുകയാണ്. ഈ മാസം ഒന്നാം തിയ്യതി വീടുകളില്‍ നിന്ന് വനിതാ വളണ്ടിയര്‍മാര്‍ ശേഖരിച്ച മാലിന്യമാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്. പൊതുവെ വീടുകളില്‍ നിന്ന് ശേഖരിച്ചാല്‍ അന്നോ പിറ്റേന്നോ കൊണ്ടുപോവാറുണ്ട്. ഇവിടെയിത് ആറു ദിവസം പിന്നിട്ടിരിക്കുകയാണ്. രാത്രി തെരുവുനായകള്‍ മാലിന്യക്കെട്ടുകള്‍ വലിച്ച്കീറി പരിസരം വൃത്തികേടാക്കുന്നു. മാലിന്യക്കെട്ടുകള്‍ നീക്കം ചെയ്യാത്ത കാര്യം നാട്ടുകാര്‍ നിരന്തരം കൗണ്‍സിലറേയും ഹരിത കര്മസേനക്കാരേയും അറിയിക്കുന്നുണ്ടെങ്കിലും പരിഹാരമില്ല. എല്ലാ മാസവും നിശ്ചിത ഫീസ് ഈടാക്കി വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നവര്‍ ഉത്തരവാദിത്വം മറക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന ദിവസം തന്നെ ഇവ നീക്കം ചെയ്യാന്‍ സംവിധാനം വേണമെന്ന് വീട്ടുകാര്‍ പറഞ്ഞു.