തലശേരി: ആയുധം താഴെ വെക്കാന്‍ സമയമായില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് പല പോരായ്മകളും ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതൊക്കെ വിടുന്നു. തന്റെ രണ്ടാം ഭരണ കാലത്തെങ്കിലും വല്ലതും ചെയ്തിട്ടുണ്ട് എന്ന് പറയാനെങ്കിലും തന്റെ അനുയായികളോട് ആയുധം താഴെവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. ഇവിടെ അക്രമ രാഷ്ട്രീയം ആരംഭിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഈ നാട് കൊലക്കളമാക്കിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങൊരു ദുര്‍ബലനാണെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ഈയൊരു രാഷ്ട്രീയ ആര്‍ജവമെങ്കിലും താങ്കള്‍ കാണിക്കണമെന്നും മുല്ലപ്പള്ളി അഭ്യര്‍ഥിച്ചു. പുന്നോലില്‍ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാനൂരില്‍ ബോംബ് പൊട്ടിയപ്പോള്‍ അപകടം സംഭവിച്ച ചെറുപ്പക്കാരെ മുഴുവന്‍ കൊണ്ടുപോയത് മലബാറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കാണ്. സര്‍ക്കാര്‍ ആശുപത്രികളിലേക്കല്ല അവരെ കൊണ്ടുപോയത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്. പരിക്കേറ്റവരെ മുഴുവന്‍ ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളില്‍ എത്തിക്കാനും അവര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കാനും സിപിഎം വലിയ മെയ്വഴക്കമാണ് കാണിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തലശേരി, പാനൂര്‍ മേഖലകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കായി മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഉല്ലേഖ് എന്‍.പിയുടെ ‘ കണ്ണൂര്‍ ഇന്‍സൈഡ് ഇന്ത്യാസ് ബ്ലെഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ്’ എന്ന പുസ്തകവും മുല്ലപ്പള്ളി നിര്‍ദേശിച്ചു.