തിരുവനന്തപുരം: ജലജീവന്‍ മിഷന് പദ്ധതി നടപ്പാക്കുന്നതിനിടയില്‍ തകരാറിലായ റോഡുകള്‍ നന്നാക്കാന്‍ നടപടി കൈക്കൊണ്ടതായി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്. ജലജീവന്‍ മിഷന് പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ ഇട്ട റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ചും നിയമസഭയില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തകരാറിലായ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പ്രവൃത്തിയുടെ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ മാത്രം 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ജലജീവന്‍ മിഷന് പദ്ധതി വഴി നിയോജകമണ്ഡലത്തില്‍ 48,821 കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2026 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കി എല്ലാ കണക്ഷനും നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. തിരുവള്ളൂര്‍, ആയഞ്ചേരി, മണിയൂര്‍ പഞ്ചായത്തുകളിലെ ചില പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
ജലജീവന്‍ മിഷന് വഴി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താന്‍ പ്രധാനമായും മൂന്ന് പദ്ധതികള്‍ വഴിയാണ് സാധിക്കുന്നത്. പുറമേരി, വേളം, വില്യാപ്പള്ളി പഞ്ചായത്തുകളില്‍ വിതരണ ശൃംഖലയും ജലസംഭരണികളും സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. കിണര്‍, ശുദ്ധീകരണശാല, പ്രധാന ട്രാന്സ്മിഷന് പൈപ്പ് ലൈന്‍ എന്നിവ ടെന്‍ഡര്‍ ചെയ്തു പ്രവൃത്തി ഉത്തരവ് നല്കി.
തിരുവള്ളൂര്‍, ആയഞ്ചേരി, മണിയൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം നടത്താന്‍ ഉദ്ദേശിക്കുന്ന വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരുന്നു. കിണര്‍, ശുദ്ധീകരണശാല, പ്രധാന പൈപ്പ് ലൈന്‍, ബൂസ്റ്റര്‍ സ്റ്റേഷന്, ജലസംഭരണികള്‍ എന്നിവ നിര്‍മിക്കേണ്ട പ്രവൃത്തി നിരവധിതവണ ടെണ്ടര്‍ ചെയ്തെങ്കിലും കരാറുകള്‍ ഏറ്റെടുക്കാത്ത അവസ്ഥയുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ 75% പ്രവൃത്തി പൂര്‍ത്തീയായി.
ജലജീവന്‍ മിഷന് തുടങ്ങിയ ശേഷം കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ 6774 കണക്ഷനുകള്‍ പുതുതായി നല്‍കിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതില്‍ 4016 കണക്ഷനുകള്‍ കുന്നുമ്മല്‍ പഞ്ചായത്തിലും 2125 കണക്ഷനുകള്‍ കുറ്റ്യാടി പഞ്ചായത്തിലുമാണ് എന്നും മന്ത്രി അറിയിച്ചു.