പേരാമ്പ്ര: മലയോര മേഖലയുടെ സമഗ്ര വികസനത്തിന് മലയോര ഹൈവേ ഗുണകരമായി മാറുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി മുതല്‍ ചെമ്പ്ര വരെയുള്ള മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെരുവണ്ണാമൂഴി, കക്കയം, തോണിക്കടവ് തുടങ്ങിയ ടൂറിസം പദ്ധതികള്‍ക്കും റോഡ് വികസനം ഏറെ സഹായകമാകും. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാടിലേക്ക് ചുരമില്ലാത്ത പാത വിഭാവനം ചെയ്തിരിക്കുന്നത് പൂഴിത്തോട്-പടിഞ്ഞാറേത്തറ പാതയാണ്. അത് സാധ്യമാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്കായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണന് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു.
പെരുവണ്ണാമൂഴിമുതല്‍ ചെമ്പ്രവരെ 5.55 കീലോമീറ്റര്‍ ദൂരത്തില്‍ 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഏഴ് മീറ്റര്‍ വീതിയില്‍ കാരേജ് വേ, ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, ഇന്റര്‍ലോക്ക്, പേവിങ്, കോണ്‍ക്രീറ്റ് ഷോള്‍ഡര്‍, ഫുട്ട് പാത്ത് എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് റോഡ് രൂപകല്പന ചെയ്തിട്ടുള്ളത്. താഴ്ന്ന ഭാഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ കരിങ്കല്‍ കെട്ടുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തും തുടര്‍ന്നും മഴവെള്ളപ്പാച്ചില്‍ ഉണ്ടാവുന്ന ഇടങ്ങളില്‍ കലുങ്കുകളും പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി 31.46 കോടി രൂപയാണ് അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്.
ചടങ്ങില്‍ ടി പി രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ ശശി, ഇ എം ശ്രീജിത്ത്, വി കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജാ ശശി, ഗ്രാമപഞ്ചായത്തംഗം കെ എ ജോസ്കുട്ടി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സ്വാഗതവും കെ.ആര്.എഫ്.ബി-പി.എം.യു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ബി ബൈജു നന്ദിയും പറഞ്ഞു