കോഴിക്കോട്: നഗരത്തിന് മെട്രോ റെയില്‍ ഗതാഗത സംവിധാനം വേണമെന്ന് നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാന്‍ സംബന്ധിച്ച് ശനിയാഴ്ച ചേര്‍ന്ന സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെ രണ്ടാമത് യോഗം അഭിപ്രായപ്പെട്ടു. പലമടങ്ങ് വര്‍ധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവല്‍ക്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ലൈറ്റ് മെട്രോ ആണോ അനുയോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും. വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന മെട്രോയുടെ ആദ്യഘട്ടത്തില്‍ ആകെ 27.1 കിലോമീറ്റര്‍ നീളമുള്ള രണ്ട്
കോറിഡോര്‍ ആണുള്ളത്. വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും ബന്ധിപ്പിക്കുന്ന വെസ്റ്റ്ഹില്‍ മുതല്‍ രാമനാട്ടുകര വരെ 19 കിലോമീറ്ററും കിഴക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ബീച്ച് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള 8.1 കിലോമീറ്റര്‍ ദൂരവും. കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാനിന്റെ കരട് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയാണ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രന് എന്നിവരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച നടന്നത്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ നഗരവല്‍ക്കരണം നടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മിനി മുംബൈ എന്നറിയപ്പെടുന്ന കോഴിക്കോടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡി ലോകനാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. ‘കോഴിക്കോടിന് മാസ്സ് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം
അനുപേക്ഷണീയമാണ്. പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സര്‍വേ നടത്തി കൂടുതല്‍ ഡാറ്റ പരിശോധിച്ചശേഷമേ തീരുമാനിക്കാന്‍ പറ്റൂള്ളൂ. കോഴിക്കോട് സിറ്റി മാസ്റ്റര്‍ പ്ലാന്‍, സമഗ്ര മൊബൈലിറ്റി പ്ലാന്‍ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതി,’ ബെഹ്റ വിശദീകരിച്ചു. എലിവേറ്റഡ് രീതിയിലാണ് മെട്രോ വരുന്നതെങ്കില്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും ബെഹ്റ ചൂണ്ടിക്കാട്ടി. മെട്രോ റെയില്‍ ഗതാഗത സംവിധാനത്തിന് സാമൂഹിക പ്രസക്തിയുണ്ടെന്നും നമുക്ക് മാറിനില്‍ക്കാനാവില്ലെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ പരിശോധിച്ചശേഷമാണ് രണ്ട് കോറിഡോറുകള്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. കരട് നിര്‍ദ്ദേശം കോര്‍പ്പറേഷനില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനും തുടര്‍ന്ന് കേന്ദ്ര അംഗീകാരത്തിനും സമര്‍പ്പിക്കും. ഇതിന് ഏഴ് മാസം സമയമെടുക്കും. തുടര്‍ന്ന് വിശദപദ്ധതിരേഖ തയാറാക്കും,’ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ്ഹില്‍-നടക്കാവ് മീഞ്ചന്ത-ചെറുവണ്ണൂര്‍- രാമനാട്ടുകര എങ്ങനെയാണ് വെസ്റ്റ്ഹില്‍ മുതല്‍ രാമനാട്ടുകര വരെയുള്ള കോറിഡോര്‍. മെഡിക്കല്‍ കോളേജ്-തൊണ്ടയാട്-ബീച്ച് എന്നിങ്ങനെയാണ് രണ്ടാമത്തെ കോറിഡോര്‍. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര് മീണ, ഡി.സി.പി അനൂജ് പലിവാള്‍, കൊച്ചി മെട്രോ റെയില്‍ ഡയറക്ടര്‍ (പ്രൊജക്ടസ്) എം പി രാംനവാസ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗോകുല്‍ ടി ജി തുടങ്ങിയവര്‍ സംസാരിച്ചു.