വടകര: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ യുഎസ്എസ് സ്കോളര്‍ഷിപ്പ് റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിന് മിന്നും വിജയം. മേമുണ്ട സ്കൂളിലെ 25 വിദ്യാര്‍ഥികള്‍ക്ക് യുഎസ്എസ് സ്കോളര്‍ഷിപ്പ് ലഭിച്ചു. യുഎസ്എസ് സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മേമുണ്ടക്ക് ജില്ലയില്‍ ഒന്നാം സ്ഥാനമാണുള്ളത്. ഓഗസ്ത്മുതല് തുടങ്ങുന്ന ചിട്ടയായ പരിശീലന പ്രവര്‍ത്തനമാണ് വിദ്യാര്‍ഥികളെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്. നിരവധി തവണ യു എസ് എസ് മാതൃകാ പരീക്ഷകള്‍ നടത്തി. പി ടി എ, മാനേജ്മെന്റ്, അധ്യാപകര്‍ എന്നിവരുടെ കൂട്ടായ ശ്രമം ഈ വിജയത്തിന് പിറകില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷവും യുഎസ്എസ് റിസല്‍ട്ടില്‍ മേമുണ്ട സ്കൂളിനായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം.
സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ സ്കൂളില്‍ നടന്ന ചടങ്ങില്‍ പി ടി എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മാനേജര്‍ എം നാരായണന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡോ: എം വി തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ സിമി, പി പി പ്രഭാകരന്, ആര് ബാലറാം, പ്രിന്‍സിപ്പാള്‍ ബി ബീന, ടി പി രജുലാല്‍, പി കെ ജയരാമന്, എസ് ആര് ഷിനിജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് പി കെ ജിതേഷ് സ്വാഗതം പറഞ്ഞു.