അഴിയൂര്‍: ദേശീയപാതയില്‍ വടക്കേ മുക്കാളിയില്‍ അടിപ്പാത സംരക്ഷിക്കാനും ചോമ്പാലില്‍ ഹൈവേയില്‍ നിര്‍മിച്ച ഡ്രെയിനേജിലെ വെള്ളം പൊതുവഴിയില്‍ ഇറക്കുന്ന നടപടിക്കുമെതിരെ അടിപ്പാത-ഡ്രെയിനേജ് സംരക്ഷണ സമിതി ബഹുജന കണ്വെന്ഷന് നടത്തി. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 21ന് മുക്കാളി ടൗണില്‍ സമരപന്തല്‍ ഉയരും. ജനങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോല്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍, വ്യാപാരി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ബഹുജന കണ്വെന്ഷന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.പി.നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയില്‍ രാധാകൃഷ്ണന്, പി കെ പ്രീത, എം പ്രമോദ്, കെ പി ജയകുമാര്‍, എം.പി.ബാബു, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി.ശ്രീധരന്, കെ കെ ജയചന്ദ്രന്, കെ എ സുരേന്ദ്രന്, കെ സാവിത്രി, കവിത അനില്‍ കുമാര്‍, പി എം അശോകന്, റീന രയാരോത്ത്, ഹാരിസ് മുക്കാളി, എ ടി മഹേഷ്, നിജിന്‍ ലാല്‍, ഷംസീര്‍ ചോമ്പാല, പി കെ രാമചന്ദ്രന്, പി പി ശ്രീധരന്, വി പി പ്രകാശന് എന്നിവര്‍ സംസാരിച്ചു.