ആയഞ്ചേരി: വേളം, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാണിക്കോത്തുതാഴ പാലംപരിസരം ഗ്രാമീണ ഭംഗി കൊണ്ട് സന്ദര്‍ശകര്‍ക്ക് ഹരമാകുന്നു. റോഡ് നവീകരിച്ച് പരിസരം മനോഹരമാക്കിയതോടെ വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് കുടുംബ സമേതം ഇവിടെ എത്തുന്നത്. പാലത്തിന്റെ വേളം പഞ്ചായത്തിലെ അപ്രോച്ച് റോഡ് വീതി കൂട്ടി നല്ല നടപ്പാതയും നിര്‍മിച്ചു. ഇവിടെയാണ് സെല്‍ഫിയെടുക്കാനും ഗ്രാമീണ ഭംഗി ആസ്വദിക്കാനും ആളുകളെത്തുന്നത്. റോഡിനിരുവശവുമുള്ള നടപ്പാതയില്‍ ടൈല്‍ പാകി സുന്ദരമാക്കിയതോടെ ഇവിടെ നിന്നുള്ള കാഴ്ചകള്‍ നയനാന്ദകരമാണ്. വിശാലമായ നെല്‍വയലുകളും
ഒറ്റപ്പെട്ട തുരുത്തുകളും ഹൃദ്യത പകരുന്നു. ഗ്രാമീണ ഭംഗി ആസ്വദിക്കുന്നവര്‍ക്ക് നല്ല ദൃശ്യവിരുന്നാണ് ഇവിടം സമ്മാനിക്കുന്നത്. വയലുകള്‍ക്കപ്പുറമുള്ള കുന്നിന്റെ പശ്ചാത്തലം വൈകുന്നേരങ്ങളെ സുന്ദരമാക്കുനുണ്ട്. അതുകൊണ്ട് തന്നെ സായാഹ്നങ്ങളിലാണ് ഏറെ പേരും എത്തുന്നത്.
അതേ സമയം പാലത്തിന്റെ ആയഞ്ചേരി ഭാഗത്തെ അപ്രോച്ച് റോഡിന് വീതി കുറവാണ്. ഇവിടെയും വീതി കൂട്ടി നടപ്പാത നിര്‍മിച്ച് ടൈല്‍ പാകി ഭംഗിയാക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.
-ഇസ്മായില്‍ മാടാശേരി