മാഹി: പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ നാളെ വോട്ടെടുപ്പ്. പ്രചാരണ കലാശക്കൊട്ട് ഇന്നലെ നടന്നു. രാജ്യത്തെ ആദ്യഘട്ടത്തില്‍ 102 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പമാണ് പുതുച്ചേരിയും മാഹിയും. പൊതുവെ ചൂട് കൂടിയ കാലാവസ്ഥയില്‍ തണുത്ത പ്രചരണമാണ് മാഹിയില്‍ നടന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ ഒരു തവണ പര്യടനം നടത്തിയതൊഴിച്ചാല്‍ കാര്യമായ പ്രചരണ പരിപാടികള്‍ ഉണ്ടായില്ലെന്ന് തന്നെ പറയാം.
ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളിലെ ഏഴ് പേരും സ്വതന്ത്രരുമടക്കം 26 പേരാണ് പുതുച്ചേരിയില്‍ ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളില്‍ മൂന്ന് പേര് വനിതകളാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായാണ് പുതുച്ചേരിയെ വിലയിരുത്തുന്നത്.
സിറ്റിങ് എം.പി വി.വൈദ്യലിംഗം (കോണ്‍ഗ്രസ്), ജി.തമിഴ് വേന്ദന് (എഐഎഡിഎംകെ), എ.നമശിവായം (ബിജെപി) എന്നിവര്‍ തമ്മിലാണ് ബലപരീക്ഷണം. മാഹിയൊഴികെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണക്കുമ്പോള്‍ മാഹിയില്‍ യുനൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ബാനറില്‍ മത്സരിക്കുന്ന കെ.പ്രഭുദേവനെയാണ് തുണക്കുന്നത്.
ധാരണപ്രകാരം തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യത്തെ പിന്തുടരുന്ന വിടുതലൈകക്ഷി സഖ്യ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ വി.വൈദ്യലിംഗത്തിനൊപ്പം നില്കേണ്ടതാണെങ്കിലും വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയാതെയുള്ള അവസ്ഥയിലാണ് മാഹിയിലെ സിപിഎം. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐ, സിപിഎം കക്ഷികളാണ് പുതുച്ചേരിയില്‍ വിടുതലൈകക്ഷി സംഖ്യത്തിലുള്ളത്. അവിടെ മുഖ്യ എതിരാളികള്‍ എന്‍ഡിഎയിലെ ബിജെപിയാണ്. പുതുച്ചേരിയിലെ സംഖ്യത്തോടൊപ്പം നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി മാഹിയില്‍ സിപിഎം വോട്ട് പിടിക്കാനിറങ്ങിയാല്‍ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പുതുച്ചേരിയിലെ യാനം, മാഹി, പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്സഭ മണ്ഡലം.