മാഹി: അടിയന്തര അറ്റകുറ്റപണിക്കായി ഈ മാസം 29 മുതല്‍ മെയ് 10 വരെ മാഹിപാലം അടച്ചിടും. ഇക്കാരണത്താല്‍ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. 29-ാം തിയതി തിങ്കളാഴ്ച മുതല്‍ മെയ് പത്താം തിയതി വെള്ളിയാഴ്ച വരെ 12 ദിവസത്തേക്കാണ് ഗതാഗത നിരോധനം. ഈ സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകണം. തലശ്ശേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചൊക്ലി, മേക്കുന്ന്, മോന്താല്‍പാലം വഴിയോ മാഹി പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി മോന്താല്‍പാലം വഴിയോ പോകേണ്ടതാണെന്ന് പിഡബ്ല്യുഡി എന്‍എച്ച് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ദേശീയപാത അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കോഴിക്കോട് പിഡബ്ല്യുഡി എന്‍എച്ച് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി. മാഹി ബൈപ്പാസ് വഴി ഗതാഗത സൗകര്യമുള്ളതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.