ആയഞ്ചേരി: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താവും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മതേതര ഇന്ത്യ നിലനില്ക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തെരഞ്ഞെടുപ്പാണെന്നും പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത മത, ജാതി, ഭാഷ, വേഷം, സംസ്കാരം എന്നിവ ഉള്‍കൊണ്ട് മുന്നോട്ട് പോകുന്ന നമ്മുടെ രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനും വേര്‍തിരിവ് ഉണ്ടാക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മതേതര രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ജീവത്യാഗം ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഒരോ കോണ്ഗ്രസ്കാരനും ജീവിച്ചിരിക്കുന്നിടത്തോളം മതേതരത്വത്തിന് ഒരു പോറന്‍ പോലും എല്പിക്കാന് അനുവദിക്കില്ല.
യുഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം കണ്വെന്ഷന് ആയഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവഞ്ചനയും അഴിമതിയും നടത്തുന്ന പിണറായി സര്‍ക്കാറിനെതിരെയുള്ള താക്കീത് നല്‍കാനും കോവിഡ് കാലത്തെ അഴിമതി ഉള്‍പ്പെടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.ടി അബ്ദുറഹിമാന് (ചെയര്മാന്), അഡ്വ. പ്രമോദ് കക്കട്ടില്‍ (കണ്‍വീനര്‍), അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ആയിരത്തി ഒന്ന് അംഗ കമ്മറ്റി രൂപവത്കരിച്ചു.