കൊയിലാണ്ടി: സിപിഎം നേതാവ് പി.വി.സത്യനാഥ് വധക്കേസിലെ പ്രതി അഭിലാഷിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് പ്രതിയെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണസംഘം ഇന്നലെയാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ പേരാമ്പ്ര ഡിവൈഎസ്പി ബിജു, ഇന്‍സ്പെക്ടര്‍ മെല്‍വില്‍ ജോസ്, എസ്ഐമാരായ മനോജ്, പ്രദീപ് കുമാര്‍, എഎസ്ഐ കെ.പി.ഗിരീഷ് കുമാര്‍, എസ്സിപിഒ ഒ.കെ.സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയൊരുക്കിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
ഫിബ്രവരി 22നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥിനെ പ്രതി അഭിലാഷ് കത്തികൊണ്ട് കുത്തി വീഴ്ത്തിയത്. ആറു കുത്തുകളേറ്റ പി.വി.സത്യന് ആശുപത്രിയില്‍ എത്തുംമുമ്പേ രക്തം വാര്‍ന്ന് മരിച്ചിരുന്നു. കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി പന്തലായനി വഴി കാല്‍നടയായി സഞ്ചരിച്ച് കൊയിലാണ്ടി പോലിസില്‍ കീഴടങ്ങുകയായിരുന്നു. കൊയിലാണ്ടി സബ്ബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി അഭിലാഷിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയശേഷം പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി.