ആയഞ്ചേരി: വയോജന പരിപാലനത്തിന്റെയും സാന്ത്വനത്തിന്റെയും അനുകമ്പയുടെയും ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നതിനും പകര്‍ന്നു നല്കുന്നതിനുമായി കടമേരി എംയുപി സ്കൂള്‍ ജെആര്‍സി വിദ്യാര്‍ഥികള്‍ എടച്ചേരി തണല്‍ പാലിയേറ്റീവ് സെന്റര്‍ സന്ദര്‍ശിച്ചു. നിരാശ ഇരുള് വീഴ്ത്തിയ തണല്‍ അന്തേവാസികളുടെ ജീവിതത്തില്‍ ഇത്തിരി പ്രകാശം പരത്താന്‍ കുരുന്നു മനസുകളുടെ സാമീപ്യം സഹായിച്ചു. അല്പനേരം ആശ്വാസത്തിന്റെ കുളിര്‍മഴയായി വര്ഷിക്കാനുമായി.
സ്കൂളിലെ 50 ഓളം ജെആര്‍സി വിദ്യാര്‍ഥികളാണ് അധ്യാപകരായ വി.പി.സുഹറ, എം.കെ.നൂര്ജഹാന്, സി.കെ.മുബാറക്ക്, അര്‍ഷദ് അബ്ദുല്ല എന്നിവരോടൊപ്പം എടച്ചേരി തണല്‍ സന്ദര്‍ശിച്ചത്. രക്ഷിതാക്കള്‍ കുട്ടികളിലൂടെ കൊടുത്തയച്ച സംഭാവനകളും പഴങ്ങളും പലഹാരങ്ങളും തണല്‍ മാനേജര്‍ ഷാജഹാന് ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ രാജന്, സ്റ്റാഫ് അംഗങ്ങളായ പ്രിയ, അനുശ്രീ എന്നിവര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. പാട്ടും ഡാന്‍സും കളി ചിരിയുമായി ഒരു പകല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കൊപ്പം ചെലവഴിച്ചു.