വടകര: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) സംഘടിപ്പിക്കുന്ന നാലാമത് വസതീയം ബില്‍ഡ് എക്സ്പോയ്ക്ക് വടകരയില്‍ തുടക്കമായി. നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍, കരാറുകാര്‍, വ്യവസായികള്‍, ആര്‍ക്കിടെക്റ്റുകള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് നാരായണ നഗര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കെ.കെ.രമ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എക്സ്പോ ചെയര്മാന് പ്രദീപ്കുമാര്‍ എന്‍ അധ്യക്ഷത വഹിച്ചു. എക്സ്പോ ജനറല്‍ കണ്‍വീനര്‍ സികെ ഫവാസ്, കൗണ്‍സിലര്‍ അജിത ചീരാംവീട്ടില്‍, വടകര ഏരിയാ ട്രഷറര്‍ എം മോഹനന്, ബിജു പികെ എന്നിവര്‍ സംസാരിച്ചു.
നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ശീതീകരിച്ച 100 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനത്തിന്റെ ഭാഗമായി നിര്‍മാണ സുരക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കെട്ടിടങ്ങള്‍ തകരുന്നതും അപകട മരണങ്ങള് സംഭവിക്കുന്നതും വര്‍ധിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ ലെന്‍സ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫസല്‍ കെഇ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വിനോദ് സി അധ്യക്ഷത വഹിച്ചു. ഡോ. എന്‍ എന്‍ സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. എക്സ്പോ ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്ത് കെ, കൗണ്‍സിലര്‍ റീജ പറമ്പത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ വിപിന്‍ പികെ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 4000 എന്‍ജിനിയര്‍മാരാണ് പങ്കെടുക്കുന്നത്.
ഞായറാഴ്ച്ച വൈകിട്ട് 4.30ന് നിര്‍മിത ബുദ്ധിയും നാളത്തെ ലോകവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ലെന്‍സ്ഫെഡ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സിഎച്ച് ഹാരിസ് ഉദ്ഘാടനം ചെയ്യും. എക്സ്പോയുടെ ഭാഗമായി ഫുഡ്കോര്‍ട്ടുമുണ്ട്. വിവിധ കലാപരിപാടികളും നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനം തിങ്കളാഴ്ച്ച സമാപിക്കും.