കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഏപ്രില്‍ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്കും അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പി.എം.എ. സലാം അറിയിച്ചു.
വോട്ടെടുപ്പ് ദിവസം മുഴുവന്‍ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴു ഘട്ടമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ ഘട്ടമായി ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.