അഴിയൂര്‍: മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് മണ്ണിടിഞ്ഞു മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ സംഭവത്തില്‍ എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. മതിയായ സരക്ഷാ സംവിധാനമില്ലാതെ റോഡ് വീതി കൂട്ടാന്‍ കുന്നിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യോഗം കുറ്റപ്പെടുത്തി. ചെങ്കുത്തായ കുന്ന് ഇടിയാതിരിക്കാന്‍ പുത്തന്‍ വിദ്യ എന്ന പേരില്‍ സിമന്റ് സ്പ്രേ ചെയ്യുകയാണ് ചെയ്തത്. ഈ രീതി സുരക്ഷിതമല്ലെന്ന് അപ്പോള്‍ തന്നെ ദേശീയപാത അതോറിറ്റിയെയും അദാനിയുടെ സബ് കോണ്‍ട്രാക്ടറായ വഗാഡിനെയും നാട്ടുകാരും പ്രദേശവാസികളും അറിയിച്ചതാണ്. ജനങ്ങളുടെ ആശങ്ക ഗൗരവത്തിലെടുക്കാതെ മുന്നോട്ട് പോവുകയാണ് കരാര്‍കാര്‍ ചെയ്തത്. അതിന്റെ ഫലമാണ് നാട് അനുഭവിക്കുന്നത്. കുന്നിനു മുകളില്‍ താമസിക്കുന്നവരുടെയും റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.പി.ബാബു, കെ.എ.സുരേന്ദ്രന്, കൈപ്പാട്ടില് ശ്രീധരന്, പി.കെ.പ്രമോദ്, മുബാസ് കല്ലേരി എന്നിവര്‍ സംസാരിച്ചു.