വടകര: ഇടതുപക്ഷ ജനാധിപത്യമുന്നണി വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ജനമുന്നേറ്റമായി. കോട്ടപ്പറമ്പില്‍ നടന്ന കണ്‍വന്‍ഷനില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യ ഇന്ത്യയില്‍ ജീവിക്കാനുള്ള പോരാട്ടമാണ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് എം.എ.ബേബി പറഞ്ഞു. അത്രമാത്രം കടുത്ത വര്‍ഗീയ-ഫാസിസ്റ്റ്വത്കരണമാണ് രാജ്യത്ത് നടക്കുന്നത്. മൂല്യരാഷ്ട്രീയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗക്കാരും കൈകോര്‍ത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളെ എതിര്‍ക്കുന്നവരെ ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ആഭാസകരമായ പ്രവര്‍ത്തനമാണ് മോദി ‘സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനായി ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും എം.എ.ബേബി പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന്നവകാശപ്പെട്ട സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്കരന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ കെ ശൈലജ, മന്ത്രി മുഹമ്മദ് റിയാസ്, എംഎല്‍എ മാരായ ഇ കെ വിജയന്, കെ പി കുഞ്ഞമ്മദ് കുട്ടി, കാനത്തില്‍ ജമീല, കെ പി മോഹനന്, സിപിഎം നേതാവ് പി.ജയരാജന്, സിപിഐ നേതാവ് സത്യന്‍മൊകേരി, മനയത്ത് ചന്ദ്രന്, കെ.ടി.കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.