കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് ജനയുഗത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്ന കെ.ടി.സുരേഷ് (75) അന്തരിച്ചു. വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപം ചോയുണ്ണി മാസ്റ്റര്‍ റോഡില്‍ സുധന്യയിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സിറാജ് ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, ന്യൂസ് കേരള സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്നു (ചൊവ്വ) രാത്രി എട്ടിന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ .
പരേതരായ സിപിഐ നേതാവ് കെ.ടി.ഗോപാലന്റെയും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി രുഗ്മിണിയുടെയും മകനാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയും എഐവൈഎഫ് സിറ്റി പ്രസിഡന്റുമായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയും കോളജിന്റെ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു. ഫുട്ബോള്‍ സംഘാടകനായിരുന്ന അദ്ദേഹം മികച്ച കളിയെഴുത്തുകാരനുമായിരുന്നു. കോളജ് പഠന കാലത്തു തന്നെ പത്രപ്രവര്‍ത്തന രംഗത്തെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ളോമ നേടി. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി, കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷിന്റെ നിയമസഭാ സമ്മേളന റിപ്പോര്‍ട്ടിംഗ് ശ്രദ്ധേയമായിരുന്നു.
ഭാര്യ: എന്‍.കെ.വിജയകുമാരി (റിട്ട. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്). മക്കള്‍: സൂരജ് കെ.ടി. (ബേരക്കുട നെറ്റ്വര്‍ക്ക്, ബംഗളുരു), ധന്യ സുരേഷ് (എച്ച്ആര്‍ മാനേജര്‍, മെറാള്‍ഡ ജുവല്‍സ്, കോഴിക്കോട്). മരുമക്കള്‍: വിനോദ് ദാസ് (ബിസിനസ്), ദീപ സൂരജ്. സഹോദരങ്ങള്‍: ആശ ഗോകുലന് ( പരപ്പനങ്ങാടി), പരേതനായ കെ.ടി.രമേശ് (ഹുന്‍സൂര്‍).
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍മന്ത്രി മുല്ലക്കര രത്നാകരന് തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്ത്യോപചാരം അര്പിക്കാന് എത്തി.