തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെഎസ്ഇബി. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നും കെഎസ്ഇബി നിര്‍ദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസ്ഥയില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണ്.