വടകര: കടത്തനാട്ടിലെ പാരമ്പര്യകളരിയായ കെപിസിജിഎം കളരി സംഘത്തിന്റെ മണിയൂര്‍ എളമ്പിലാട് ബ്രാഞ്ച് ഉദ്ഘാടനം ഏഴാം തിയതി ഞായറാഴ്ച നടക്കും. മുണ്ടാന്നൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 10 മണിക്ക് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് മുഖ്യാതിഥിയായിരിക്കും.
ആരോഗ്യ സംരക്ഷണത്തിനും മാനസിക സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് കളരിപ്പയറ്റ്. ഏഴു വയസ് മുതല്‍ എല്ലാവര്ക്കും കളരിപ്പയറ്റ് അഭ്യസിക്കാമെന്ന് ഗുരുക്കള്‍ മധു പുതുപ്പണം പറഞ്ഞു. അദ്ദേഹത്തിന്റെ
ശിക്ഷണത്തിലായിരിക്കും പരിശീലനം. വാര്‍ത്താസമ്മേളനത്തില്‍ മധുവിനു പുറമെ രാജേഷ് കണ്ണോത്ത്, ഇ.എം.ശങ്കരന്, പ്രദീപന് കുനിയില്‍, കെ.പി.കുഞ്ഞിരാമന് നായര്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.