കോഴിക്കോട്: അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തോട് അനുബന്ധിച്ചു നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (CWRDM) ചേർന്ന് ഏകദിന ശിൽപശാല
സംഘടിപ്പിച്ചു. ജലസുരക്ഷ, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകൾ ഉൾപ്പെടുത്തി കുന്നമംഗലം CWRDM ൽ നടന്ന ശിൽപശാലയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
ജലസംരക്ഷണത്തിലും ജൈവ വൈവിധ്യ സംരക്ഷണത്തിലും ഊന്നിയ വികസന
കാഴ്ചപ്പാടിലൂടെ കലാവാസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കാർബൺ ന്യൂട്രൽ ആയി മാറാനും കഴിയണമെന്നും അത്തരത്തിലുള്ള വികസന നയം രൂപപ്പെടുത്തിയ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിക്കുന്നുവെന്നും മനോജ് പി സാമുവൽ പറഞ്ഞു.
ശില്പശാലയിൽ ‘ജലബജറ്റിൽ നിന്ന് ജല സുരക്ഷയിലേക്ക്’ എന്ന വിഷയത്തിൽ CWRDM ലെ ശാസ്ത്രഞ്ജൻ ഡോ. വിവേകും ‘ജലസംരക്ഷണ പ്രവർത്തനങ്ങൾ: ഇടപെടലുകൾ, സാദ്ധ്യതകൾ’ എന്ന വിഷയത്തിൽ നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ കെ ഷിബിനും അവതരണം നടത്തി. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുര, കോഴിക്കോട് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രവി പറശ്ശേരി, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയർമാൻ യു പദ്മലോചനൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് ആസൂത്രണ വൈസ് ചെയർമാൻ ഒ ഭക്തവത്സലൻ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആസൂത്രണ വൈസ് ചെയർമാൻ കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സൈതാലി സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ നന്ദിയും പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായി ജലബഡ്ജറ്റ് തയ്യാറാക്കിയതിന്റെ തുടർച്ചയായി
ജലസംരക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ നിരവധി പദ്ധതികളാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കോഴിക്കോട് ബ്ലോക്കിൽ സ്ഥാപിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി CWRDM ന്റെ നേതൃത്വത്തിൽ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിൽ പഠനം നടത്തുകയും പഠനത്തിന്റെ അടിസ്ഥാനത്തിൽ സമഗ്ര വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു വരുന്നു. ജൈവ വൈവിധ്യ സംരക്ഷണത്തിനായി മുഴുവൻ വാർഡുകളിലും പച്ചത്തുരുത്തുകൾ സ്ഥാപിച്ചു സംരക്ഷിക്കും. മഴ വെള്ളം സംഭരിക്കുന്നതിനും വേനലിനെ പ്രതിരോധിക്കുന്നതിനും വാർഡ് തലത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനും തീരുമാനിച്ചു.