വടകര: നിരന്തരം വ്യാജ പ്രചരണവും അപവാദവും നടത്തി വ്യക്തിഹത്യ ചെയ്യുന്നതായും ഇതിനു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പിന്തുണയുണ്ടെന്നും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ. അത്യന്തം ഹീനമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വൈകാരികമായാണ് തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് അവര്‍ പങ്കുവെച്ചത്.
ഒന്നിന് പിറകെ ഒന്നായി വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. സാമുദായിക നേതാക്കളുടെ ലെറ്റര്‍പാഡ് പോലും വ്യാജമായി ചിത്രീകരിക്കുന്നു. എന്റെ വടകര KL 18 എന്ന ഇന്‍സ്റ്റ പേജില്‍ നിന്നാണ് ഏറ്റവും മോശമായ രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. കുടുംബ ഗ്രൂപ്പുകളിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങളയക്കുകയും മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നല്കിയ അഭിമുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. പാനൂരില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൃത്യമായി നിലപാട് പറഞ്ഞതാണ്. എന്നാല്‍ അതിലും എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. കേസിലെ പ്രതിയാണെന്ന് പറഞ്ഞു കൊണ്ട് നൗഫല്‍ കൊട്ടിയം എന്ന വ്യക്തിയും ഞാനും നില്ക്കുന്ന ചിത്രം പ്രചരിപ്പിച്ചു. ഇതിനെതിരെ നൗഫല്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുകയാണ്.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ പേരില്‍ ലെറ്റര്‍പാഡ് കൃത്രിമമായി ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു. ആത്മീയ നേതാക്കള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് വരുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പിന്നില്‍ യുഡിഎഫിലെ സൈബര്‍ ഗ്രൂപ്പാണ്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ലെറ്റര്‍പാഡ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെയും മര്‍ക്കസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതൊക്കെ എതിര് സ്ഥാനാര്‍ഥി അറിയാതെ നടക്കുന്നു എന്ന് വിശ്വസിക്കാവുന്നില്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണമെന്നും ഇത്തരം കാര്യങ്ങള്‍ ബൂമറാങ് ആയി തിരിച്ചു വരുമെന്ന് ഓര്‍ക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു.
തനിക്ക് ജനപിന്തുണ വര്‍ധിച്ചുവരുന്നതില്‍ വിറളിപൂണ്ടാണ് ആഭാസകരമായ കാര്യങ്ങള്‍ പോലും പ്രചരിപ്പിക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനം നാട്ടിലാകെ മതിപ്പുണ്ടാക്കിയതാണ്. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് വ്യാജപ്രചരണത്തിലൂടെ നടക്കുന്നത്.
പ്രമുഖ മാധ്യമങ്ങളുടെ പേരില്‍ വരെ തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നു പലരും പോസ്റ്റ് നിഷേധിച്ച് വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കുകയാണ്. വടകരയിലെ കുടുംബങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും തന്നെ അറിയാം. ഇന്ത്യയുടെ ജനാധിപത്യവും ഇടതുപക്ഷത്തിന്റെ പ്രാധാന്യവും ആണ് താന്‍ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയപരമായി വിമര്‍ശിക്കാം. പക്ഷേ നുണപ്രചരണം നടത്തുന്നത് തെറ്റായ സംസ്കാരമാണെന്ന് കെ.കെ.ശൈലജ പറഞ്ഞു. ഇതു സംബന്ധിച്ച് ഇലക്ഷന് കമ്മീഷണര്‍ക്കും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival.jpg?resize=375%2C500&ssl=1)
പോലീസിനും വരണാധികാരിക്കും പരാതി നല്‍കും.
എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേളുവേട്ടന് പഠന ഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞികണ്ണന്‍, വടകര മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ കെ.പി.ബിന്ദു, എടയത്ത് ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.