ആയഞ്ചേരി: കുടുംബ സംഗമങ്ങളും റാലികളുമായി ഇടതുപക്ഷ ജനാധി പത്യമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ കുറ്റ്യാടി നിയോജക മണ്ഡലം പര്യടന പരിപാടിക്ക് സമാപനമായി. മൂന്നു ഘട്ടങ്ങളിലായി അറുപതില്പരം കേന്ദ്രങ്ങളിലാണ് കെ.കെ.ശൈലജ മണ്ഡലത്തില്‍ പര്യടനം നടത്തിയത്. മൂന്നാം ഘട്ടത്തില്‍ രാവിലെ എട്ടുമണിക്ക് വില്ല്യാപ്പള്ളി പഞ്ചായത്തിലെ വൈക്കിലശ്ശേരി റോഡിലെ കുടുംബസംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പതിയാരക്കര, ചെരണ്ടത്തൂര്‍, അട്ടക്കുണ്ട് കടവ് എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുത്തു. ചെമ്മരത്തൂര്‍, തിരുവള്ളൂര്‍, ലോകനാര്‍കാവ്, വില്ല്യാപ്പള്ളി, തണ്ണീര്‍പന്തല്‍, വട്ടോളി, മൊകേരി, നിട്ടൂര്‍, ഊരത്ത്, പെരുവയല്‍, തീക്കുനി, കല്ലുംപുറം എന്നിവിടങ്ങലെ മേഖലാറാലികളിലും കെ.കെ.ശൈലജ എത്തി. ടീച്ചര്‍ക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെയുള്ള ജനമുന്നേറ്റം പ്രകടമാവുന്നതായിരുന്നു റാലികളിലെയും കുടുംബ സംഗമങ്ങളിലേയും സ്ത്രീകളുടെ വന്‍പങ്കാളിത്തം.
കല്ലുംപുറത്തെ സമാപന സമ്മേളനം സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ.കെ.ദിനേശന്, വിനോദ് ചെറിയത്ത്, പി.സുരേഷ് ബാബു, നിധിന് കെ.വൈദ്യര്, പി.കെ.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.