തിരുവനന്തപുരം: ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പരസ്യമായി തള്ളി കെ.കെ.രമ എംഎല്‍എ. ഹരിഹരന്റെ പരാമര്‍ശങ്ങള്‍ എംഎല്‍എ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂര്‍ണമായി തള്ളിക്കളയുകയാണെന്ന് രമ പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോ വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അത് നമ്മള് നിരന്തരം ചര്‍ച്ച ചെയ്യുന്നതാണ്. എങ്കിലും പലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണുന്നു. ഇത്രയും പുരോഗമനത്തിലേക്ക് പോകുമ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ വലിയ വേദനയാണ് ഉളവാക്കുന്നതെന്ന് കെ.കെ.രമ പറഞ്ഞു.
പ്രസംഗ മധ്യേയാണ് മോശമായ പരാമര്‍ശമുണ്ടായത്. പൂര്‍ണമായും തള്ളിക്കളയുകയാണെന്നും രമ പറഞ്ഞു. രാഷ്ട്രീയക്കാര്‍ ജാഗ്രത കാണിക്കണം. പരാമര്‍ശം തെറ്റാണെന്ന് കണ്ട് ഖേദം പ്രകടിപ്പിക്കാന്‍ ഹരിഹരന് തയ്യാറായി. മറ്റ് പല നേതാക്കളും കാണിക്കാത്ത മാന്യത ഹരിഹരന് കാണിച്ചു. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഹരിഹരന്റെ ഭാഗത്തു നിന്ന് മുമ്പ് ഇത് ഉണ്ടായിട്ടില്ല. ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം, ഹരിഹരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി.