തിരുവനന്തപുരം: പലസ്തീന് ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടിട്ടും ജോലിയില്‍ മുഴുകിയിരിക്കുന്ന പലസ്തീന് മാധ്യമപ്രവര്ത്തകന് കേരള മീഡിയ അക്കാദമി പുരസ്കാരം. അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്ല് അല്‍-ദഹ്ദൂദിനെയാണ് മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനായി മീഡിയ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം.
യുദ്ധമുന്നണിയില്‍ നിന്ന് റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ അദ്ദേഹം കാണിച്ച അസാധാരണമായ പത്രപ്രവര്‍ത്തന ധൈര്യവും സ്ഥിരോത്സാഹവുമാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തതിന് പിന്നിലെന്ന് അക്കാദമി വ്യക്തമാക്കി. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവന് പണയപ്പെടുത്തുന്ന ധീരരായ മാധ്യമപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ അപൂര്‍വ പ്രകടനമായി കേരള സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഈ അവാര്‍ഡ് പ്രഖ്യാപനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേല്‍ മാരകമായ ആക്രമണം ആരംഭിച്ചതുമുതല്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടും പലതവണ പരിക്കേറ്റിട്ടും അല്‍-ദഹ്ദൂദ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-ദഹ്ദൂദിന്റെ ഭാര്യ അംന, മകന് മഹ്മൂദ്, മകള്‍ ഷാം, ചെറുമകന് ആദം എന്നിവര്‍ ഒക്ടോബറില്‍ അവര്‍ അഭയം പ്രാപിച്ച നുസെറാത്ത് അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ജസീറ പത്രപ്രവര്ത്തകന് കൂടിയായ മൂത്ത മകന് ഹംസ ജനുവരി ആദ്യവും കൊല്ലപ്പെട്ടു.
യുദ്ധഭൂമിയില്‍ റിപ്പോര്‍ട്ടിംഗിനിടെ പരിക്കേറ്റ വെയ്ല് അല്‍-ദഹ്ദൂദ് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ നൂറിലേറെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.