ചെറുവണ്ണൂർ: പാഠ്യപദ്ധതിയിൽ ആദ്യമായി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടുത്തുന്ന സംസ്ഥാനം കേരളമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ജിവിഎച്ച്എസ് സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിലബസിൽ ഉൾപ്പെടുത്തിയത്.
പൊതുവിദ്യാഭ്യാസരംഗം അഭൂതപൂർവ്വമായ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ്കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 244646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനോത്സവം നടത്തിവരുന്ന
ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ പാഠ പുസ്തകങ്ങളും അച്ചടിച്ച് സ്കൂളിൽ എത്തിച്ചു കഴിഞ്ഞു. യൂണിഫോം ഉടൻ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം പ്രവേശനോത്സവ സന്ദേശം അറിയിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ വിനോദ് വി വി, കൈറ്റ് ജില്ലാ കോഡിനേറ്റർ രമേശൻ സി ടി, എസ് എസ് കെ ഡി പി കെ എൻ സജീഷ് നാരായണൻ, ഫാറൂഖ് എ ഇ ഒ കുഞ്ഞു മൊയ്തീൻകുട്ടി എം ടി, ബി ആർ സി സൗത്ത് പ്രവീൺകുമാർ വി പി, സ്കൂൾ പ്രിൻസിപ്പൽ സഫിയ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അനിത എം എ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് ടി, ആർ ഡി ഡി സന്തോഷ് കുമാർ എം, അപർണ വി ആർ (വിഎച്ച്എസ്ഇ), സരിശ ടി, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു.