വടകര: മടപ്പള്ളി ഗവ.കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘സിമാക്ക്’ ഏര്‍പെടുത്തിയ ഉമ്മന്‍ചാണ്ടി സദ്ഭാവന പുരസ്കാരത്തിന് കല-സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ കാവില്‍ പി മാധവനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രൊഫ. ടി.എച്ച്. വിജയരാഘവന്, പ്രൊഫ.എം.വിജയലക്ഷ്മി, ഡോ.കെ.പി.അമ്മുക്കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞടുത്തത്. 15,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്കാരം 10-ാം തിയതി ശനിയാഴ്ച കാലത്ത് 10.30 ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സാഹിത്യ മേഖലയിലെ നവാഗത എഴുത്തുകാരായ സതീശന് എടക്കുടി, ജയശങ്കര്‍ കീഴായി, സജീവന് മന്തരത്തൂര്‍, ഹീര വടകര, ഗീത മോഹന്‍, റസിയ പയ്യോളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. കെ.കെ.രമ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കല്പറ്റ നാരായണന് മുഖ്യാതിഥിയായിരിക്കും.
2017ല്‍ നിലവില്‍ വന്ന സിമാക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വടകര താലൂക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. മടപ്പള്ളി കോളജിലെ നിര്‍ധനരായ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ സഹായം, വീട് താമസ യോഗ്യമാക്കുവാനുള്ള സഹായം, കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സഹായങ്ങള്‍ എന്നിവ ചെയ്തു. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ മെഗാ ക്വിസ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. ടി.എച്ച്. വിജയരാഘവന്, ഡോ.കെ.പി.അമ്മുക്കുട്ടി, കെ.മുരളീധരന്, പി.വി.ശ്രീകുമാര്‍, സി.എം.സതീശന് എന്നിവര്‍ പങ്കെടുത്തു.