കുറ്റ്യാടി: നെല്‍കൃഷിയില്‍ പുതിയ പരീക്ഷണവുമായി വടയം കതിര് പാടശേഖരസമിതി. ഹ്രസ്വകാല വിളയായ ഭദ്ര നെല്‍വിത്ത് കൃഷി ചെയ്തുകൊണ്ടാണ് പാടശേഖര സമിതി പുതിയ കാര്‍ഷിക ചരിത്രം രചിക്കുന്നത്. മൂന്നോ നാലോ മാസം കൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിയുന്ന ഇനമാണിത്. പുതിയ നെല്ല് വിത്ത് വിതക്കുന്നതിന്റെ മുന്നോടിയായി കര്‍ഷകരെല്ലാം അവരവരുടെ കൃഷിയിടങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് കൃഷിയോഗ്യമാക്കി. ഒമ്പത് ഏക്കറിലധികം വരുന്ന സ്ഥലത്ത് 40 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പാലക്കാട് ചിറ്റൂരില്‍ നിന്നാണ് കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് കൊണ്ടുവന്നത്. പാടശേഖരത്തില്‍ ഇരുപ്പൂ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിത്തിനത്തിന്റെ പരീക്ഷണം.
ഇതുവരെ മേഖലയിലെ കര്‍ഷകര്‍ മുണ്ടകന്‍ ഇനമായിരുന്നു കൃഷി ചെയ്തിരുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് മതിയായ വിളവ് ലഭിക്കാത്ത അവസ്ഥയായിരുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കൃഷിയായതുകൊണ്ട് ഇത്തരം കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുഖേന ആനുകൂല്യം ലഭിക്കുന്നതിലും തടസമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പരീക്ഷണത്തിന് കര്‍ഷകര്‍ തയ്യാറായത്. ഭദ്ര ഇനം നെല്‍വിത്ത് വിതക്കല്‍ ഗ്രാമ പഞ്ചായയത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. നിരവധി കര്‍ഷകര്‍ സംബന്ധിച്ചു.