വടകര: കടമേരി പരദേവതാക്ഷേത്ര തിറമഹോത്സവത്തിന്റെ ഭാഗമായി വോയ്സ് ഓഫ് കടമേരി സംഘടിപ്പിക്കുന്ന കാര്‍ണിവെല്‍ ഇന്നു (വെള്ളി) തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിനു ലിധിലാല്‍ (ജാനു തമാശ ഫെയിം) കാര്‍ണിവെല്‍ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രത്തിനു സമീപം നടക്കുന്ന കാര്‍ണിവെല്‍ ഒരാഴ്ച നീണ്ടുനില്‍ക്കും. കടത്തനാട്ടിലെ തിറമഹോത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുള്ള കടമേരി പരദേവതാ ക്ഷേത്രോത്സവവും കാര്‍ണിവെലും നാടിന്റെ ഹൃദയത്തുടിപ്പാര്‍ന്ന മഹോത്സവമായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന വിവിധങ്ങളായ റൈഡുകളും ഗെയിമുകളും കാര്‍ണിവെലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിവിധ കമ്പനികളുടെ സ്റ്റാളുകളും ഫുഡ്കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. കാര്‍ണിവെല്‍ ഗ്രൗണ്ടിലേക്ക് മാത്രം പ്രവേശനം സൗജന്യമാണ്. വൈകീട്ട് നാലു മുതല്‍ രാത്രി പത്തുമണി വരെയാണ് പ്രവേശനം. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് സി.എച്ച്.മൊയ്തു, കണ്‍വീനര്‍ കണ്ണോത്ത് ദാമോദരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി.കെ.പ്രമോദ്, ബൈജീഷ് മരുന്നോളി, പി.കെ.ഉത്തമന് എന്നിവര്‍ പങ്കെടുത്തു.