കൊയിലാണ്ടി: കടല്‍ കലിതുള്ളുന്നു. കാപ്പാട് തീരദേശ റോഡ് വീണ്ടും കടലെടുത്തു. ഏതാനും മാസം മുമ്പാണ് തകര്‍ന്ന റോഡ് പുനഃസ്ഥാപിച്ചത്. തുവ്വപ്പാറയില്‍ റിസോര്‍ട്ടിനു സമീപമാണ് തീരദേശ റോഡ് തകര്‍ന്നിരിക്കുന്നത്. കടല്‍ ശക്തമാകുന്നതോടെ റോഡ് കടലെടുക്കുന്നത് ആവര്‍ത്തിക്കുകയാണ്.
ശാശ്വത പരിഹാരം കാണാന്‍ അധികൃതരും ജനപ്രതിനിധികളും ശ്രമിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തീരദേശ റോഡ് വഴി കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നിരവധി പേര് വാഹനങ്ങളില്‍ എത്തിച്ചേരാറുണ്ട്. റോഡ് തകര്‍ന്നതോടെ ഇതുവഴി യാത്ര ദുസ്സഹമായിരിക്കുകയാണ്. ശക്തമായ തിരമാലകള്‍ റോഡിലേക്ക് ആഞ്ഞടിക്കുന്നത് കാണാം. ഈ റോഡിലൂടെയുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇത് ആളപായം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അതിശക്തമായ രൂപത്തിലാണ് കടല്‍ കലിതുള്ളുന്നത്. തിരമാലകള്‍ ഒന്നിനു പിറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടിക്കുന്നത് ഭീകര കാഴ്ചയാണ്.
-സുധീര്‍ കൊരയങ്ങാട്