വട്ടോളി: ആയോധന കലയായ കളരിപ്പയറ്റ് പരിശീലനത്തിന് കടത്തനാട്ടില്‍ തിരി തെളിഞ്ഞു. മഴക്കാലമായതോടെ കടത്തനാടിന്റെ വിവിധ ഭാഗങ്ങളില്‍ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കമായി. കുഴിച്ച് കെട്ടിയ കളരിയില്‍ വിവിധ മുറകള്‍ പരിശീലിക്കുന്നത് കാണാം.
കളരിയിലെ പൂത്തറ, ഗണപതി തറ, ഗുരുത്തറ എന്നീ മൂന്ന് സങ്കല്പങ്ങളും ഗുരുപാദവും വന്ദിച്ച് ഗുരുക്കളുടെ വായ്ത്താരിക്ക് അനുസരിച്ച് ആദ്യമുറയായ മെയ്താരി പയറ്റ് ആരംഭിക്കുന്നു. വര്‍ഷത്തില്‍ മൂന്ന് മാസം മെയ്താരിയാണ്. തുടര്‍ന്നാണ് കോല്‍താരി (ചെറുവടി) പയറ്റ് ആരംഭിക്കുന്നത്.
ചെറുവടി, ചൂരല്‍, ഒറ്റ, അങ്കത്താലി എന്നിവയിലും പരിശീലനമുണ്ട്. ലോഹ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം പിന്നാലെ. സാധാരണ നിലയില്‍ മൂന്ന് മാസമാണ് കളരിപ്പയറ്റ് പരിശീലനം ഉണ്ടാവുക. 14 ദിവസം എണ്ണ പുരട്ടി അടിസ്ഥാന പരിശീലനത്തിന് ശേഷം 14 ദിവസത്തെ ചവിട്ടി ഉഴിച്ചില്‍ നടക്കും.
കളരി തുടങ്ങി മൂന്ന് മാസം കഴിഞ്ഞാല്‍ ചുവട് മായ്ക്കും. മുമ്പ് കാലത്ത് പലയിടങ്ങളിലായിട്ടാണ് കളരി കെട്ടിയിരുന്നത്. 56 വര്‍ഷം മുമ്പ് കുന്നുമ്മല്‍ പ്രദേശത്ത് എത്തിയ കളരി ആചാര്യന് വളപ്പില്‍ കരുണന് ഗുരുക്കളാണ് ഈ മേഖലയില്‍ കടത്തനാടന്‍ കളരി സംഘത്തിന് രൂപം നല്‍കിയത്. ഇപ്പോള്‍ സ്ഥിരം കളരി വട്ടോളിയിലും കക്കിട്ടിലുമായി പ്രവര്‍ത്തിച്ചുവരുന്നു. ധാരാളം പേരാണ് കളരിപ്പയറ്റ് പരിശീലിക്കാന്‍ എത്തുന്നത്. ശാരീരികമായ പുഷ്ടിക്കും പ്രതിരോധത്തിനും ആത്മബലത്തിനും കളരിപ്പയറ്റ് അത്യുത്തമമാണ്.
കഴിഞ്ഞ ദിവസം വട്ടോളിയിലെ കളരി പരിശീലനത്തിന് തുടക്കമായി. കളരിപ്പയറ്റ് രംഗത്ത് നിരവധി ശിഷ്യ സമ്പത്തുള്ള വളപ്പില്‍ കരുണന് ഗുരുക്കളുടെ ശിക്ഷണത്തിലാണ് പരിശീലനം. കിഴക്കയില്‍ അശോകന്, സുരേന്ദ്രന്, ബാബു, രവി, സുരേഷ് ബാബു, അജീഷ് എന്നിവര്‍ സംബന്ധിച്ചു. കക്കട്ടിലില്‍ കരുണന് ഗുരുക്കളുടെ ശിഷ്യന് കോളി സുരേഷിന്റെ നേതൃത്വത്തിലുള്ള കളരിയിലും പരിശീലനം തുടങ്ങി.
-ആനന്ദന് എലിയാറ