വടകര: കഴിഞ്ഞ ദിവസം നടന്ന കെ. ടെറ്റ് കാറ്റഗറി (1) പരീക്ഷ സംബന്ധിച്ച ആശങ്ക ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. പരിസ്ഥിതി പഠനം സംബന്ധമായ ചോദ്യങ്ങളാണ് ഉദ്യോഗാര്‍ഥികളെ വട്ടം കറക്കിയത്. പല ചോദ്യങ്ങളും സിലബസിന് പുറത്തുള്ളവയും അസാധാരണമാം വിധം ഉന്നത നിലവാരം പുലര്‍ത്തുന്നവയും ആയിരുന്നു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷ ഇത്രയധികം സങ്കീര്‍ണമാക്കി തൊഴിലന്വേഷകരെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല എന്നാണ് വിമര്‍ശനം. ഭൂരിഭാഗം പേരും പലതവണയായി ഈ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നവരാണ്. വര്‍ഷം കൂടുന്തോറും പരീക്ഷ കൂടുതല്‍ കഠിനതരമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കെ. ടെറ്റ് എന്ന കടമ്പ കടക്കാനാവാതെ വലയുകയാണ് ഏറെപ്പേരും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം ലഭിക്കാന്‍ പി.എസ്.സി പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുപ്പ് നടത്തുന്നവരും എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം കാത്തു നില്ക്കുന്നവരുമായ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളാണ് ഈ പരീക്ഷ തകര്‍ത്തു കളയുന്നതെന്ന് കെ.ടെറ്റ് ജസ്റ്റിസ് കൂട്ടായ്മ (കേരള) ആരോപിക്കുന്നു. സിലബസിനു പുറത്തുള്ള, അതിസങ്കീര്‍ണമായ ചോദ്യങ്ങള്‍ ഒഴിവാക്കി ഉദ്യോഗാര്‍ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കി