തിരുവനന്തപുരം: കെ.സുധാകരന് കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതല ഏല്ക്കാന് ഹൈക്കമാന്റ് അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരന് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ നല്‍കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കെ സുധാകരന് നേരത്തെ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാന്‍ വൈകുന്നതിലുള്ള നീരസം സുധാകരന്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിക്കുകയും ചെയ്തു. തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു സുധാകരന്റെ വാദം. ഇക്കാര്യത്തില്‍ എഐസിസി വൈകാതെ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാല്‍, സുധാകരനെ അറിയിച്ചെങ്കിലും താല്‍ക്കാലിക സംവിധാനം മാറ്റാന്‍ കാലതാമസം എന്തിനെന്ന് സുധാകരന് നേതൃത്വത്തോട് ചോദിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്. പോളിംഗ് കഴിഞ്ഞതോടെ തിരിച്ചുവരാമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സുധാകരനെ മാറ്റണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കുമുണ്ടായിരുന്നു. അതിനൊരു അവസരമായി മറ്റുള്ളവര്‍ ഇതിനെ കണക്കാക്കുകയും ചെയ്തു. അതു തിരിച്ചറിഞ്ഞാണ് തിരിച്ചുവരാന്‍ സുധാകരന് സമ്മര്‍ദം ചെലുത്തിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ സുധാകരന് രംഗത്തെത്തി. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്ന് കെ.സുധാകരന് വിമര്‍ശിച്ചു. സ്പോണ്‍സര്‍ഷിപ്പ് ആണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിക്ക് വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാര്‍ജ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്ട്രീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന് ചോദിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് 20 ല്‍ 20 സീറ്റും തോല്ക്കാന് പോകുകയാണ്. അത് കാണാന്‍ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരന് വിമര്‍ശിച്ചു.