തിരുവനന്തപുരം: കെ.മുരളീധരനെ തൃശൂര്‍ മണ്ഡലത്തില്‍ ഇറക്കി സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ കെ.സുധാകരന് തന്നെ മത്സരിക്കും. ഇവരുള്‍പെടെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.
പത്മജ വേണുഗോപാല്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം കെ.മുരളീധരനെ മുന്നില്‍ നിര്‍ത്തി കരുണാകരന്റെ തട്ടകത്തില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപി പ്രതീക്ഷയര്പിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാന്‍ ഷാഫി പറമ്പിലിനെയും ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. ടി.സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും. കണ്ണൂരില്‍ കെ.സുധാകരനും വീണ്ടും മത്സരിക്കും. കെ.സി.വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തില്‍ അവസാനഘട്ടം വരെ പാര്‍ട്ടിയെ കുഴച്ചത്. എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം കെസി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിംഗ് എംപിമാര്‍ എല്ലാവരും തുടരും.
തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്, പാലക്കാട് വികെ ശ്രീകണ്ഠന്, ആലത്തൂരില്‍ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവന്, കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എന്നീ സിറ്റിംഗ് എംപിമാര്‍ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിന്റെ ചിന്തയാണ് സര്‍പ്രൈസ് അപ്രതീക്ഷിതമാറ്റത്തിനു കാരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കെ.മുരളീധരനെ തൃശൂരിലേക്ക് നിര്‍ദേശിച്ചത്. ടി.എന്‍.പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും.