കോഴിക്കോട്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആറിന് വോട്ടെണ്ണല്‍ കേന്ദ്രമായ ജെഡിടിയിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. 6.30 ന് ഇവിഎം സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കും. എട്ട് മണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. 8.30 നാണ് ഇവിഎം വോട്ടുകള്‍ എണ്ണുക.
30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാല്‍ വോട്ടുകള്‍ എണ്ണാന്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇവിഎം വോട്ടുകള്‍ എണ്ണാനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ലീഡ് നില അറിയിക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി
വോട്ടെണ്ണല്‍, തെരഞ്ഞെടുപ്പ് ഫലം എന്നിവയോടനുബന്ധിച്ച് സ്ഥിരീകരിക്കാത്തതും വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഐപിസി, സിആര്‍പിസി വകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹ കുമാര്‍ സിംഗ് വ്യക്തമാക്കി. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസ്
നിരീക്ഷിക്കുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്നത് ചെറിയ കുറ്റമല്ലെന്നും നാടിന്റെ ക്രമസമാധാനത്തെ ബാധിക്കുന്ന വിഷയമാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.