വടകര: പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ആര്‍എംപിഐ സസ്ഥാന സെക്രട്ടറിയും വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ആര്‍എംപിഐ-യുഡിഎഫ് ജനറല്‍ കണ്‍വീനറുമായ എന്‍. വേണു പറഞ്ഞു. വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൈവേലിക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ പര്യടനം വരും ദിവസം ഉണ്ടെന്നിരിക്കെ സിപിഎം ശക്തികേന്ദ്രത്തില്‍ സ്ഫോടനം ഉണ്ടായി എന്നത് നിസ്സാര കാര്യമല്ല. ആരെയൊക്കെയോ അപായപ്പെടുത്താന്‍ സിപിഎം ഗൂഢാലോചന നടത്തി എന്നത് വ്യക്തമാണ്. അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ബോംബുണ്ടാക്കണം? പൊതുവെ സമാധാനം നിലനില്‍ക്കുന്ന സ്ഥലത്ത് ഭയത്തിന്റെ വിത്ത് വിതയ്ക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയ ഭീതി കൊണ്ടാണ്. പാനൂരിലും പരിസരങ്ങളിലും വീണ്ടും കൊലപാതക പരമ്പര നിലനിര്‍ത്തി രാഷ്ട്രീയ ലാഭം നേടാനാണ് സിപിഎം ശ്രമിക്കുന്നത്. പിണറായി വിജയന്റെ ദുര്‍ഭരണം നിമിത്തം പൊറുതി കെട്ട ജനത അതിനെതിരെ വിധിയെഴുതുമെന്ന ഘട്ടം വന്നപ്പോള്‍ കലാപമുണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. ഒരു മനുഷ്യന് പോലും പോറലേല്‍ക്കാതെ വേണം ഈ തെരഞ്ഞെടുപ്പ് കാലം മുന്നോട്ട് പോകേണ്ടത്. കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ബോംബ് സ്ഫോടനം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം. പ്രദേശത്ത് ബോംബ് നിര്‍മാണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും ആവശ്യമായ മുന്‍കരുതല്‍ പോലീസ് എടുത്തില്ല. ഇതൊക്കെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയില്‍ വരണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്ന് എന്‍.വേണു ആവശ്യപ്പെട്ടു. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന പതിവ് പല്ലവി സിപിഎം ഉപേക്ഷിക്കണം. യുവാക്കളെ കൊലക്ക് കൊടുക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും സിപിഎം പിന്തിരിയണമെന്നും വേണു അഭ്യര്‍ഥിച്ചു.