പേരാമ്പ്ര: നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുകയാണ്. ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവദിവസം അനു ബൈക്കില്‍ യാത്ര ചെയ്തെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പേരാമ്പ്ര നൊച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു കാലത്ത് വാളൂരിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി അനു തനിച്ചു വീട്ടില്‍ നിന്നിറങ്ങുകയും പത്ത് മണിക്ക് ശേഷം അനുവിനെ ഫോണില്‍ കിട്ടാതെ വരികയുമായിരുന്നു. ഭര്‍ത്താവ് ഇരിങ്ങണ്ണൂരില്‍ നിന്ന് ബന്ധുക്കളോടൊപ്പം ആശുപത്രിയിലേക്കു പോകുമ്പോള്‍ വാളൂരിലെ വീട്ടില്‍ ഉണ്ടായിരുന്ന അനു മുളിയങ്ങല്‍ വെച്ച് ഭര്‍ത്താവിന്റെ വാഹനത്തില്‍ കയറാമെന്നായിരുന്നു പറഞ്ഞിരുന്നത്. യാത്രാ മധ്യേ 9.30 വരെ അനുവുമായി ഭര്‍ത്താവും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തുടര്‍ന്ന് അനുവിനെ ഫോണില്‍ ലഭിക്കാതെയാവുകയായിരുന്നു. ഇത്് സംശയത്തിന് ഇടയാക്കിയതോടെ ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതിപ്പെടുകയുണ്ടായി. തെരച്ചില്‍ നടത്തുന്നതിനിടയിലാണ് പിറ്റേന്ന് ഉച്ചക്ക് 12 മണിയോടെ മുളിയങ്ങള്‍ വാളൂരിലെ വയലിലെ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ അനുവിന്റെ മൃതശരീരം കാണപ്പെടുന്നത്. തലേന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയ അനു എവിടേക്ക് പോയെന്ന കാര്യം അറിയേണ്ടതുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഉള്‍പെടെയുള്ള പ്രദേശം കാണാതായ ദിവസം തന്നെ അരിച്ചുപെറുക്കിയതാണ്. പിറ്റേന്ന് പുല്ലരിയാനെത്തിയവരാണ് അള്ളിയോറത്തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്റെ പേഴ്സും മൊബൈല്‍ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങള്‍ കാണാതായത് ദുരൂഹത കൂട്ടുന്നു. സമഗ്രമായ അന്വേഷണം നടത്തി വസ്തുത വെളിച്ചത്തുകൊണ്ടുവരണമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പേരാമ്പ്ര പോലീസ്.