വാണിമേല്‍: വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ഊരുകൂട്ടം യോഗം ചേര്‍ന്നു. റോഡ് നിര്‍മാണം, കുടിവെള്ളം, ചുറ്റുമതില്‍ നിര്‍മാണം ഉള്‍പെടെയുള്ള പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള കോളനിയിലെ 64 കുടുംബങ്ങളെ പ്രകൃതിക്ഷോഭ ഭീഷണി കാരണം റവന്യൂ വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി വീട് നിര്‍മിക്കുന്നതിന്റെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. വൈദ്യുതി ലഭ്യമാക്കുന്നതിന്റെ പ്രവൃത്തി ഈ മാസം ആരംഭിക്കും.
പുതിയ കോളനിയിലാണ് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ മാസം ഇ.കെ.വിജയന് എംഎല്‍എ നല്കിയ കത്തിനെ തുടര്‍ന്നാണ് പട്ടിക വര്‍ഗ വകുപ്പ് ഫണ്ട് അനുവദിച്ചത്.
തുടര്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കോളനിയിലെ സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന ഊരുകൂട്ടം യോഗം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് ഒ.സി.ജയന് അധ്യക്ഷത വഹിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പി.സുരേന്ദ്രന്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് കെ.കെ.ഇന്ദിര, പഞ്ചായത്ത് അംഗങ്ങളായ കെ.ചന്ദ്രബാബു, പി.ശാരദ, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എ.ബി.ശ്രീജാകുമാരി, ഇ.കെ.വിജയന് എംഎല്‍എയുടെ പിഎ
ടി.സുരേന്ദ്രന്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിനോദന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.വി.രേവതി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.സമീഷ്, പ്രമോട്ടര്‍ സജിന എന്നിവര്‍ പങ്കെടുത്തു.