വടകര: സഹകരണ സൊസൈറ്റി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. പ്രചരണം ശക്തമായതോടെ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് നിക്ഷേപകര്‍.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ഇന്‍കം ടാക്സ് റെയ്ഡിനു പിന്നാലെ നിക്ഷേപകര്‍ തിങ്കളാഴ്ച വടകരയിലെ ഓഫീസിലെത്തി നിക്ഷേപ തുക തിരികെ വേണമെന്നാവശ്യപ്പെട്ടു. ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപം നടത്തിയവരാണ് പണം നഷ്ടപ്പെടുമെന്ന ആശങ്കയിലായത്. പണം തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് സൊസൈറ്റി അധികൃതര്‍ ഇവരെ ആശ്വസിപ്പിക്കുന്നത്.
അഞ്ചും ഏഴും വര്‍ഷ കാലാവധിയിലാണ് ആളുകള്‍ പണം നിക്ഷേപിച്ചത്. പലരുടെയും നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടില്ല. നിക്ഷേപിച്ച തുക ചോദിച്ചെത്തുന്നവരെ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. നിര്‍ബന്ധം പിടിക്കുന്നവരില്‍ നിന്നു നിക്ഷേപ റസീറ്റും ബാങ്ക് അക്കൗണ്ട് നമ്പറും വാങ്ങി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന മറുപടി നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറും സ്ഥാപനത്തില്‍ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്നെത്തിയ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ സംഘമാണ് വടകരയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. തൃശൂര്‍, കണ്ണൂര്‍, തലശേരി ഉള്‍പ്പെടെയുള്ള ഓഫീസുകളിലും ഇന്‍കം ടാക്സ് സംഘം റെയ്ഡ് നടത്തിയിരുന്നു. ഈരൂപത്തില്‍ പരക്കെ നടന്ന പരിശോധനയാണ് ആശങ്ക സൃഷ്ടിച്ചത്. ഇതോടെയാണ് നിക്ഷേപകര്‍ ഓഫീസിലെത്താന്‍ തുടങ്ങിയത്. ഓഫീസില്‍ എത്തുന്നതിനു പുറമെ ഏജന്റുമാരേയും നിക്ഷേപകര്‍ പണം തിരികെ കിട്ടാന്‍ സമീപിക്കുന്നതായാണ് വിവരം.
അതേസമയം എല്ലാ മെമ്പര്‍മാരുടെയും നിക്ഷേപം സൊസൈറ്റിയില്‍ ഭദ്രമാണെന്നും പരിശോധനകള്‍ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നുമാണ് സ്ഥാപന അധികൃതരുടെ വിശദീകരണം. ആദായനികുതി വകുപ്പ് നിരവധി സ്ഥാപനങ്ങളില്‍ പരിശോധന നടത്താറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരം പരിശോധനയുമായി സഹകരിക്കുന്നത്. തുടര്‍ന്നും സഹകരിക്കുമെന്നും കുപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.
.