ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും സിപിഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ നടപടി. തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുമ്പോള് 1823.08 കോടി രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക.
കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേണ്‍ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസില്‍ പറയുന്നത്.