കൊയിലാണ്ടി: സംസ്ഥാന ബജറ്റ് റേഷന്‍ സംവിധാനത്തോട് കാണിച്ചത് വലിയ അവഗണയെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍. അനുസ്മരണ പരിപാടിക്ക് കൊയിലാണ്ടിയില്‍ എത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. റേഷന്‍ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ഒരു വാക്ക് പോലും ബജറ്റില്‍ റേഷന്‍ മേഖലയെ കുറിച്ച് മിണ്ടിയില്ലെന്നും ജോണി നെല്ലൂര്‍ കൂറ്റപ്പെടുത്തി. റേഷന്‍ വ്യാപാരിയുടെ കൈവശം മായാജാലമില്ല. വ്യാപാരികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി. ചെയ്ത ജോലിക്ക് കൂലി കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. മറുപടി പ്രസംഗത്തിലെങ്കിലും പരിഗണയില്ലെങ്കില് റേഷന്‍ വ്യാപാരികളുടെ സംയുക്ത സംഘടനകള്‍ ഈ മേഖലയെ സ്തംഭിപ്പിക്കുമെന്നു ജോണി നെല്ലൂര്‍ പറഞ്ഞു.
ഭരിക്കുന്നത് ആരാണെന്ന് നോക്കാതെ പ്രതികരിക്കുന്നവരാണ് റേഷന്‍ വ്യാപാരികള്‍. നവകേരള സദസില്‍ നല്കിയ പരാതിക്കും ഫലമുണ്ടായില്ല. റേഷന്‍ വ്യാപാരി സമൂഹത്തെ നിരാശയിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിട്ട ബജറ്റാണ് ഈ തവണത്തേത്. നയ പൈസയുടെ ആനുകൂല്യം പോലും ഇല്ല. സൂപ്രിംകോടതി വിധി ഉണ്ടായിട്ടും കിറ്റ് കമ്മീഷന് തുക വകയിരുത്തിയില്ല. 6 കോടി രൂപ ലഭിക്കാനുണ്ട്. 3 മാസത്തിനിടെ 1000ത്തിലേറെ റേഷന്‍ കടക്കാര് കട വിട്ടു പോയി. റേഷന്‍ വ്യാപാരിയെ സംരക്ഷിക്കാന്‍ ഗവണമെന്റിന് കഴിയുന്നില്ല. ഹീനമായ നടപടിയില്‍ പ്രതിഷേധമുണ്ട്.
ഭക്ഷ്യ മന്ത്രി തന്നെ വല്ലാത്ത വിഷമത്തിലാണ്. ഭക്ഷ്യ മേഖലയെ തന്നെ തകര്‍ക്കുന്ന ബജറ്റാണിത്. വേതന പാക്കേജ് പരിഷ്കരിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇങ്ങനെ ആണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ റേഷന്‍ സംവിധാനം ഉടന്‍ നിന്നു പോകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.